Foto

ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ കബറിടത്തില്‍ പ്രതീകാത്മക മെഴുകുതിരി പ്രദിക്ഷണം

തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി ആശ്രമ സ്ഥാപകനുമായ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസിന്റെ 67ാം ഓര്‍മപ്പെരുന്നാള്‍ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ കേന്ദ്രീകരിച്ച് ഇന്നുമുതല്‍ 15 വരെ നടക്കും. എല്ലാദിവസവും വൈകിട്ട് സന്ധ്യാനമസ്‌കാരവും കുര്‍ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ഥനയും നടക്കും. പരിപാടികള്‍ക്കു തുടക്കംകുറിച്ചുകൊണ്ട് മാര്‍ ഈവാനിയോസിന്റെ കര്‍മഭൂമിയായിരുന്ന പത്തനംതിട്ടയിലെ റാന്നി പെരുന്നാട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കുര്‍ബാന അര്‍പ്പിച്ചു.

ഇന്നുമുതല്‍ വിവിധ ദിവസങ്ങളില്‍ പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന അനുസ്മരണ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ഏബ്രഹാം മാര്‍ യൂലിയോസ്, ജോസഫ് മാര്‍ തോമസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, തോമസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വികാരിജനറാള്‍മാരായ മോണ്‍. മാത്യു മനക്കരക്കാവില്‍ കോര്‍എപ്പിസ്‌കോപ്പ, മോണ്‍. വര്‍ക്കി ആറ്റുപുറത്ത്, മോണ്‍. വര്‍ഗീസ് അങ്ങാടിയില്‍ ബഥനി ആശ്രമ സുപ്പീരിയര്‍ ജനറല്‍ ഫാ. ജോസ് കുരുവിള ഒഐസി, കരിന്പനാമണ്ണില്‍ ഏബ്രഹാം റന്പാന്‍, മലങ്കര മേജര്‍ സെമിനാരി റെക്ടര്‍ ഫാ. സണ്ണി മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.

14നു വൈകിട്ട് കബറിങ്കല്‍ പ്രത്യേക അനുസ്മരണപ്രാര്‍ഥനയും ശ്ലൈഹിക ആശീര്‍വാദവും നടക്കും. സമാപനദിവസമായ 15നു രാവിലെ നടക്കുന്ന ഓര്‍മപ്പെടുന്നാള്‍ കുര്‍ബാനയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. ഇന്നുമുതല്‍ 14 വരെ വിവിധ സമയങ്ങളില്‍ കബറിങ്കല്‍ എത്തിച്ചേരുന്നവര്‍ക്ക് കുര്‍ബാന അര്‍പ്പിക്കുന്നതിന് ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമേ അവസരം ലഭിക്കുകയുള്ളൂ. കോവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങളാണു ചെയ്തിട്ടുള്ളത്. എല്ലാ വര്‍ഷവും റാന്നിപെരുന്നാട്ടില്‍നിന്നു മാവേലിക്കര, തിരുവല്ല, മൂവാറ്റുപുഴ തുടങ്ങിയ ഭദ്രാസനകേന്ദ്രങ്ങളില്‍നിന്നും കബറിങ്കലേക്കു നടക്കുന്ന തീര്‍ഥാടന പദയാത്ര ഈ വര്‍ഷം ഒഴിവാക്കിയിട്ടുണ്ട്. 15നു നടക്കുന്ന സമാപന കുര്‍ബാനയിലും മുന്‍കൂട്ടി നിശ്ചയിച്ചവര്‍ക്കുമാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.

Comments

leave a reply

Related News